Monday, October 8, 2007
ഹോളീവുഡ് തമ്പി!
ഹോളീവുഡ് തമ്പിയെന്നാണ് ഇവിടെ പറയുന്നതെങ്കിലും ഇതൊരു ബേ ഏരിയക്കാരന്‍ തന്നെ. നമ്മുടെ തമ്പി അളീയനാണെന്ന് തെറ്റിദ്ധരിക്കരുതേ!
മനോരമയില്‍ വന്ന വാര്‍ത്ത താഴെ:
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073752207&articleType=Movies&contentId=3023588&BV_ID=@@@
ascii font -ല്‍ മലയാളം വായിക്കാന്‍ അറപ്പുള്ളവര്‍ക്ക് വാര്‍ത്തയുടെ കുറച്ചുഭാഗം യുണീക്കോഡിലാക്കി കൊടുക്കുന്നു ;-)
അമേരിക്കയിലെ ചിക്കാഗോയില്‍ ബ്ലസിയുടെ 'പളുങ്ക് എന്ന ചിത്രത്തിന്റെ പ്രദര്‍ശനം. പ്രശസ്‌ത ഹോളിവുഡ് സംവിധായകന്‍ സ്റ്റീവ് ആന്‍ഡേഴ്സണും മലയാള നടന്‍ തമ്പി ആന്റണിയും ഒരുമിച്ചാണ് സിനിമ കണ്ടു പുറത്തിറങ്ങിയത്. സിനിമയില്‍ മമ്മൂട്ടിയുടെ മോനിച്ചന്‍ ആരാധിക്കുന്ന ഒരു കവിയുണ്ട്, തമ്പി ആന്റണി അവതരിപ്പിച്ച കഥാപാത്രം. സിനിമ കണ്ടിറങ്ങിയ സുഹൃത്തുക്കള്‍ പോലും, സ്ക്രീനില്‍ കവിയായി മാറിയ തമ്പിയെ തിരിച്ചറിഞ്ഞില്ല. അപ്പോള്‍ സ്റ്റീവ് ആന്‍ഡേഴ്സണ്‍ പറഞ്ഞു, 'തമ്പി, നിങ്ങള്‍ക്കു കിട്ടിയ വലിയ അംഗീകാരമാണിത്. നിങ്ങളിലെ നടന്‍ വിജയിച്ചിരിക്കുന്നു.
ഹോളിവുഡിന്റെ വിശാല തിരശീലയിലേക്കു ഒരു മലയാള നടന്റെ ചരിത്രപ്രവേശത്തിനു നിമിത്തമായ നിമിഷമായിരുന്നു അത്. സൗത്ത് സെന്‍ട്രല്‍, ഡെഡ് മെന്‍ കാന്റ് ഡാന്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്‌തനായ സ്റ്റീവ് ആന്‍ഡേഴ്സണ്‍, ഒരിടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന 'റൂട്ട് ഒാഫ് ഒാള്‍ എവിള്‍സില്‍ തമ്പി ആന്റണിയും താരമാവുകയാണ്. പൂര്‍ണ ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്ന ആദ്യ മലയാളി എന്ന റെക്കാര്‍ഡോടെ. ഹോളിവുഡില്‍ നിര്‍മിക്കപ്പെടുന്ന യൂണിയന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതോടെ സ്ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡിലും തമ്പി അംഗമാകും. ഹോളിവുഡിലെ അംഗീകൃത ആക്ടേഴ്സിന്റെ പട്ടികയില്‍ ആദ്യത്തെ മലയാളിപ്പേര്.
ഹോളിവുഡിലെ വന്‍ താരങ്ങളിലൊരാളായ ഷോണ്‍ ബീനാണ് റൂട്ട് ഒാഫ് ഒാള്‍ ഇവിളിലെ നായകന്‍. ഫേസ് ലെസ്, ഒൌട്ട് ലോ, ലോര്‍ഡ് ഒാഫ് ദ് റിങ്ങ്സ് സീരീസ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച താരം. ബഹദൂര്‍ജിത് ജതീന്ദ്രപ്രീത് സിങ് എന്ന സിഖുകാരന്റെ വേഷമാണ് തമ്പിക്ക്. പൈക്ക്, മൈക്ക് എന്നീ പേരുകളിലുള്ള രണ്ടു കള്ളന്മാരുടെ കഥയാണ് സിനിമ. മോഷ്ടിച്ചെടുത്ത പണവുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഇവരെ പൊലിസ് പിന്തുടരുന്നു. പിടികൂടുമെന്നായപ്പോള്‍ പണമടങ്ങിയ ബാഗ് അവര്‍ വലിച്ചെറിയുന്നു. മൈക്ക് പൊലിസ് പിടിയിലാവുകയും പൈക്ക് രക്ഷപ്പെടുകയും ചെയ്‌തു. വലിച്ചെറിഞ്ഞ ബാഗ് തിരികെ കണ്ടെത്താനുള്ള പൈക്കിന്റെ അന്വേഷണമാണ് സിനിമ. ഇൌ അന്വേഷണത്തില്‍ ബഹദൂര്‍ സിങ്ങിന്റെ വീട്ടിലും പൈക്ക് എത്തിച്ചേരുന്നു.
ചിക്കാഗോയില്‍ ഇപ്പോള്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന ചിത്രത്തില്‍ തമ്പി ആന്റണിക്ക് ഏതാനു സീനുകള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. മലയാളത്തില്‍ നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന ബ്ലസിയുടെ 'കല്‍ക്കത്താ ന്യൂസിനു വേണ്ടി നാട്ടിലെത്തിയ തമ്പി ഉടന്‍ ഹോളിവുഡിലേക്കു മടങ്ങും.
ഷോണ്‍ ബീനിനു പുറമെ ഹോളിവുഡിലും ടെലിവിഷനിലും പോപ്പുലറായ ക്രിസ് ഹെന്‍സ് വര്‍ത്ത്, വിക്ടോറിയ പ്രൊഫെറ്റ, ജോഷ് ബ്ലൂ, മൈക്കല്‍ മാസഫ് തുടങ്ങിയവരാണ് 'റൂട്ടി ല്‍ അഭിനയിക്കുന്നത്. ഹോളിവുഡില്‍ നിര്‍മാണ രംഗത്തുള്ള മലയാളി നവിന്‍ ചാത്തപ്പുറവും ചിത്രവുമായി സഹകരിക്കുന്നു.
രാജീവ് അഞ്ചലിന്റെ 'ബിയോണ്ട് ദ് സോള്‍ എന്ന സിനിമയാണ് തമ്പി ആന്റണിയെ അമേരിക്കയില്‍ ശ്രദ്ധയില്‍ കൊണ്ടു വരുന്നത്. പ്രശസ്‌തമായ ഹോണലുലു ചലച്ചിത്രമേളയില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതു വഴിത്തിരിവായി. ബിയോണ്ട് ദ് സോള്‍ കണ്ടാണ് സ്റ്റീവ് പുതിയ ചിത്രത്തില്‍ തമ്പിയെ കാസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുന്നതും. പളുങ്കും കാണണമെന്ന് തമ്പിയോട് സ്റ്റീവ് തന്നെ ആവശ്യപ്പെടുകയായിരുന്നു.
ജയരാജ് സംവിധാനം ചെയ്‌ത 'അറേബ്യയില്‍ സഹോദരന്‍ ബാബു ആന്റണിയുടെ അച്ഛന്റെ റോളിലാണ് തമ്പി ആദ്യം പ്രത്യക്ഷപ്പെടുന്നത്. ബാബുവിന്റെ സഹോദരന്‍ എന്ന നിലയില്‍ തമ്പി എന്നു വിളിച്ചതു ജയരാജ്. അങ്ങനെ തമ്പി ആന്റണി എന്ന പേരു വീണു. ഹോളിവുഡില്‍ ആന്റണി തെക്കേത്ത് എന്ന ശരിക്കുള്ള പേരില്‍ തന്നെയാണ് രംഗപ്രവേശം.
കോതമംഗലം എന്‍ജിനീയറിങ് കോളജില്‍ നിന്നു പുറത്തിറങ്ങി പൊതുമരാമത്തു വകുപ്പില്‍ എന്‍ജിനീയറായി ജോലി നോക്കുമ്പോഴാണ് 1984 ല്‍ തമ്പി അമേരിക്കയിലേക്കു പോകുന്നത്. വിവാഹത്തെത്തുടര്‍ന്നായിരുന്നു ഇത്. നാടകവും കവിതയും സിനിമയും തന്നെയായിരുന്നു അപ്പോഴും മനസില്‍. ആ ഇഷ്ടങ്ങളാണ് എഴുത്തിലേക്കും നാടകാവതരണത്തിലേക്കുമെത്തിച്ചത്. 'ഇടിച്ചക്കപ്ലാമൂട് പൊലീസ് സ്റ്റേഷന്‍ എന്ന പേരില്‍ ഹാസ്യനാടകം രചിച്ച് അമേരിക്കയിലെ ഒട്ടേറെ വേദികളില്‍ അവതരിപ്പിച്ചു. ഇതിലെ മുഖ്യവേഷവും തമ്പിയാണ് ചെയ്‌തത്. ഡോ. ദൈവ സഹായം, എന്റെ മേരിക്കുട്ടീ ഇത് അമേരിക്കയാ എന്നീ രണ്ടു നാടകങ്ങളും കൂടി ചേര്‍ത്ത് ഉടന്‍ പുസ്കരൂപത്തില്‍ പ്രസിദ്ധീകരിക്കും.
അറേബ്യയ്ക്കു ശേഷം മലയാളത്തില്‍ മെയ്ഡ് ഇന്‍ യുഎസ്‌എ, പളുങ്ക് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. രാജീവ് അഞ്ചലിന്റെ ഇംഗീഷ് ചിത്രങ്ങളിലും. നല്ല സിനിമയോടുള്ള ഇഷ്ടവും ബ്ലസിയിലുള്ള വിശ്വാസവുമാണ് 'കല്‍ക്കത്താ ന്യൂസി നു കാരണമായത്. നിര്‍മാണത്തിനു പുറമെ പ്രധാനപ്പെട്ട ഒരു റോളില്‍ അഭിനയിക്കുന്നുമുണ്ട് തമ്പി. മനശാസ്‌ത്രജ്ന്റെ വേഷം.
ഭാര്യ പ്രേമയോടും മലയാളം മണക്കുന്ന പേരുള്ള മക്കള്‍ നദി, കായല്‍, സന്ധ്യ എന്നിവരോടുമൊപ്പം അമേരിക്കയിലാണ് തമ്പി സ്ഥിര താമസം. ഇടയ്ക്കിടെ നാട്ടില്‍ വന്നു പോകുന്നു. അമേരിക്കന്‍ ജീവിതത്തിന്റെ 23 വര്‍ഷങ്ങള്‍ക്കിപ്പുറം, കോട്ടയം പൊന്‍കുന്നം തെക്കേത്തു വീട്ടിലെ ആന്റണി, ഹോളിവുഡിന്റെ വെള്ളിത്തിരയിലും ഇനി താരമാവുകയാണ്.
Subscribe to:
Post Comments (Atom)
2 comments:
thampi valaratte...... malayalikkabhimanamayi
http://nowrunning.com/news/news.asp?it=12197
Post a Comment