Saturday, November 10, 2007

ഒരേ കടല്‍




ഒരേ കടല്‍ എന്ന സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസ്സിലേക്ക് പല ചോദ്യങ്ങളും കടന്നു വരാം. സിനിമ കണ്ടിറങ്ങിയ ഞങ്ങള്‍ക്ക് തോന്നിയ ചില കാര്യങ്ങള്‍.
എന്തു കൊണ്ടാണാ കൊച്ചുകുട്ടി അവസാന സീനില്‍ ഒറ്റക്ക് പടികള്‍ കയറിവരുന്നതായി കാണിക്കുന്നത്?
എന്റെ അഭിപ്രായത്തില്‍ മീരാജാസ്മിന്‍ അവതരിപ്പിച്ച ദീപ്തി എന്ന കഥാപാത്രം സ്വന്തം അഛനെ കാത്തിരിക്കുന്നതായി കാണിക്കുന്നുണ്ട്. കടല്‍ കാണിക്കാന്‍ അഛന്‍ കൊണ്ടുപോകും എന്നു കാത്തിരിക്കുന്ന ദീപ്തി, ആ ദീപ്തിയിലാണ് പിന്നീട് തനിക്കാരുമില്ല എന്ന ചിന്ത കടന്നുവരുന്നത്.
അതുപോലെ തന്നെ, ഇത്രയും നാള്‍ തന്റെ അഛന്‍ എന്നു കരുതിയിരുന്ന നരേന്റെ കഥാപാത്രത്തെ ഇനിയും ചിലപ്പോള്‍ ആ കുഞ്ഞു കണ്ടിരിക്കണം എന്നില്ല. അപ്പോള്‍, ദീപ്തിയേപ്പോലെ തന്നെ അതിന്റെ മനസ്സിലും സ്വന്തം അഛന്‍ എന്ന് ഇതുവരെ കരുതിയിരുന്ന നരേന്റെ കഥാപാത്രത്തെ കാത്തിരിക്കുന്ന ഒരു അവസ്ഥ ഉടലെടുക്കാം?! തന്റെ അമ്മയേയും, ചേട്ടനേയും, നാഥന്‍ എന്ന തന്റെ വരാന്‍ പോകുന്ന വളര്‍ത്തഛനേയും തേടി പടികയറുന്ന ആ കുട്ടി..എന്റെ അഭിപ്രായത്തില്‍ കുഞ്ഞുന്നാളു മുതല്‍ തനിക്കാരുമില്ല എന്ന ദീപ്തി എന്ന കഥാപാത്രത്തിന്റെ ആ മാനസികാവസ്ഥ, അത് ദീപ്തിയുടെ കുഞ്ഞിലും ഉടലെടുത്തേക്കാം?

എന്തുകൊണ്ടാണ് ദീപ്തിക്ക് നാഥനോട് ഇത്രയും അഗാധമായ സ്നേഹവും, ആദരവും? നാഥന്‍ അവസാന നിമിഷം പാശ്ചാത്തപിച്ചതുകൊണ്ടാകാം ദീപ്തി നാഥനെ കണ്ണാടിച്ചില്ലു കൊണ്ട് കുത്തിക്കൊല്ലാതിരുന്നത് എന്നു തോന്നാം. പക്ഷെ, ഒരിക്കലും ദീപ്തി എന്ന കഥാപാത്രത്തിനതിനു സാധിക്കുമായിരുന്നില്ല എന്ന് ശ്യാമപ്രസാദ് മനോഹരമായി കാണിച്ചിരിക്കുന്നു എന്നാണെനിക്കു തോന്നുന്നത്. സ്കൂളില്‍ എല്ലാ കാര്യങ്ങളിലും ഒന്നാമതായി എത്തിയിരുന്ന ദീപ്തിക്ക്, പിന്നീട് തുടര്‍ന്ന് പഠിക്കാന്‍ പറ്റാഞ്ഞതിലുള്ള വിഷമവും പരിഭവവും ദീപ്തി തന്നെ പറയുന്നുണ്ട്. ഒരു ദിവസം സ്വാതന്ത്ര്യത്തിനായി പുറം ലോകം കാണാന്‍ എങ്ങോട്ടോ പോയ ദീപ്തി ടീച്ചറിന്റെ കയ്യില്‍ നിന്നും തല്ലുകൊള്ളുന്നതും. ആ ദീപ്തിയാണ് നരേന്‍ തന്നെ ഒരു സ്വര്‍ണ്ണക്കടയിലേക്കു പോലും വിടില്ല എന്ന് നാഥനോട് പരിഭവം പറയുന്നത്! വാടിയ മുഖവുമായി വാടക കൊടുക്കാന്‍ കാശിനായി നാഥനെ കാണാന്‍ വരുന്ന ദീപ്തിയില്‍, ചുവരില്‍ നാഥന്റെ സെര്‍ട്ടിഫിക്കേറ്റുകളും, പുരസ്കാരങ്ങളും കണ്ട് കണ്ണുകള്‍ വിടരുന്നത് വളരെ മനോഹരമായി ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ ക്യാമറാമാനു കഴിഞ്ഞു എന്നു നമുക്കു കാണാം. അവിടെയും മിടുക്കിയായ തനിക്ക് പത്താം ക്ലാസിനു ശേഷം നഷ്ടപ്പെട്ടതൊക്കെ നാഥനിലൂടെ ദീപ്തി കാണുകയാണോ?....

എഴുതാന്‍ ഇനിയും ഒരുപാടുള്ളതുപോലെ....നാഥനേക്കുറിച്ച് പ്രത്യേകിച്ചും! എങ്കിലല്ലേ അതൊരു ഒരേ കടലാകൂ!

2 comments:

ശാലിനി said...

“എഴുതാന്‍ ഇനിയും ഒരുപാടുള്ളതുപോലെ....നാഥനേക്കുറിച്ച് പ്രത്യേകിച്ചും! എങ്കിലല്ലേ അതൊരു ഒരേ കടലാകൂ!“

ബാക്കികൂടെയെഴുതൂ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ദീപ്തിക്കു നഷ്ടപ്പെട്ടതെല്ലാം നാഥനില്‍ കാണുന്നുണ്ടവള്‍.
നാഥനെ ഒരു മനുഷ്യനാക്കാന്‍ അവള്‍ക്കു കഴിഞ്ഞിരിക്കുന്നു.
എങ്കിലും ആ കുട്ടി, ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു

നന്നായിരിക്കുന്നു താങ്കളുടെ വിവരണം...