Friday, March 9, 2007

ബെര്‍ളിന്‍ അന്താരാഷ്ട ടൂ‍റിസം മേള!

അന്താരാഷ്ട്ര ടൂറിസം മേളക്കെത്തിയതാണദ്ദേഹം, നമ്മുടെ ടൂറിസം മന്ത്രി കോടിയേരി ബാലക്രിഷ്ണന്‍. ബെര്‍ളിനില്‍ ഒരു മൂന്നു ദിവസത്തെ സുഖവാസവുമാകമല്ലോ? കൂടെ അംബികാ സോണിയേയും, നമ്മുടെ കേന്ദ്ര ടൂറിസം മന്ത്രി, ഒന്നു കാണാം. (പാര്‍ലമെന്റിലെ കബഡിയില്‍ നിന്നും പുള്ളീക്കാരിയും ഒരു ബ്രേക്ക് എടുക്കുകയാണു)

ദൈവത്തിന്റെ സ്വന്തം നാടിനെക്കുറിച്ചു ലോകത്തോടു പറയാന്‍ വെംബല്‍ കൊള്ളുകയാണാ‍ മനസ്സു. തന്റെ പവര്‍ പോയിന്റ് പ്രെസെന്റേഷന്‍ അദ്ദേഹം ഒന്നു കൂടി നോക്കി. എല്ലാം നല്ല പോലെ വിവരിച്ചിട്ടുണ്ടോ? കോവളത്തെ വെള്ള മണല്‍ ബീച്ചുകള്‍, നീല തിരമാലകളെ ഉമ്മ വെച്ചു കടലിലോട്ടു ചാഞ്ഞു കിടക്കുന്ന കോക്കനട്ട് ട്രീസ്, കായലുകളും പുഴകളും നെല്‍പ്പാടങ്ങളും അതൊക്കെ ആസ്വദിക്കാനുള്ള ലേക് റിസോറ്ട്ടുകളും, ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ആവുര്‍വേദ റിസോര്‍ട്ടുകള്‍, മൂന്നാര്‍ തേയില എസ്റ്റേറ്റുകളും നീല പര്‍വതനിരകളും, ത്രിശൂര്‍ പൂരവും തെയ്യവും പിന്നെ പുരാതനമായ ആത്മീയകേന്ദ്രങ്ങളും.....ഫയല്‍ മടക്കി വെക്കുംബോള്‍ അദ്ദേഹമോര്‍ത്തു, ഹ എത്ര മനോഹരം, എന്റെ കൊച്ചു കേരളം!!

പക്ഷെ എന്തു ചെയ്യാം വന്നിറങ്ങിയ ദിവസം ബെര്‍ളിനില്‍ ബെന്താണു! മൂന്നാലു മണിക്കൂറായി എയര്‍പോര്‍ട്ടില്‍ സ്റ്റക്കായിപ്പോയി. ടാക്സികളൊന്നും ഓടുന്നില്ല. എല്ലാ മലയാളിയേയും പോലെ അദ്ദേഹവുമൊന്നു ചിന്തിച്ചു, ഇന്നലത്തെ പ്ലെയിനിനു ടിക്കറ്റെടുക്കണ്ടതായിരുന്നു. ഏതായാലും പറ്റിപ്പോയി, ഇനി പറഞ്ഞിട്ടെന്താ കാര്യം. തളര്‍ന്നിരിക്കുന്ന ഭാര്യയ്ക്കു ഒരു കാപ്പി വാങ്ങാനായി അദ്ദേഹം എഴുന്നേറ്റു. അപ്പോഴാണു കണ്ടതു, ദാ അംബിക സോണിയുമിരിക്കുന്നു ഒരു മൂലക്കു. ഓ സമാധാനമായി, കേന്ദ്രവും സ്റ്റക്കായല്ലോ. അദ്ദേഹം പതിയെ സോണിയുടെ അടുത്തേക്കു ചെന്നു. ചിരിച്ചു കൊണ്ടു ചോദിച്ചു, എപ്പോഴെത്തി?കണ്ണു തിരുമ്മിക്കൊണ്ടു സോണി പറഞ്ഞു, ഓ ഞാന്‍ വെളുപ്പിനെ മുതലെ സ്റ്റക്കാ എന്റെ ബാലക്രിഷ്ണാ. പക്ഷെ പേടിക്കേണ്ട, നമ്മുടെ ബൂത്തിലെ പിള്ളേരു ഒരു ആംബുലന്‍സു കരിങ്കൊടി കെട്ടി വിട്ടിട്ടുണ്ടു. ഉച്ച കഴിയുംബോഴേക്കെങ്കിലും നമ്മളെ അവരങ്ങെത്തിക്കും. പക്ഷെ നമ്മളില്‍ ഒരാള്‍ ഹാര്‍ട് അറ്റാക്ക് വന്ന പോലെ കിടക്കണം. വി ഐ പി പേഷ്യന്റ്സിന്റെ വണ്ടി ബന്തുകാര്‍ ഇവിടെയും പെട്ടെന്നു കടത്തി വിടും. ഓ അപ്പോ കുഴപ്പമൊന്നുമില്ല. എന്നാല്‍ ഞാന്‍ പോയി ഭാര്യക്കാ കാപ്പി വാങ്ങി കൊടുക്കട്ടു. അദ്ദേഹം സോണിയുടെ അടുത്തു നിന്നും പതിയെ കോഫി ഷോപ്പിലോട്ടു നടന്നു..

കാപ്പി കുടിച്ചു തീര്‍ന്നതും, സോണിയുടെ വിളി കേട്ടു. ഹലോ ബാലക്രിഷ്ണന്‍, ആംബുലന്‍സ് ഈസ് ഹിയര്‍. രാഷ്ട്രീയ ശത്രുതകള്‍ മാറ്റി വെച്ച് അവരൊരുമിച്ചു ബെര്‍ളിന്‍ എയര്‍പോര്‍ട്ടിന്റെ എക്സിറ്റ് ഡോറിന്റെ അടുത്തേക്കു നടന്നു. വാതില്‍ക്കലെത്തിയപ്പോള്‍ കാണാം എയര്‍പോര്‍ട്ടില്‍ കയറി എയര്‍പോര്‍ട്ടടപ്പിക്കാന്‍ ശ്രമിക്കുന്ന ബന്തനുകൂലികളും, അവരെ തടയാന്‍ ശ്രമിക്കുന്ന പോലീസും തമ്മില്‍ ഉന്തും തള്ളും. പെട്ടെന്നാണതു ശ്രദ്ധയില്‍ പെട്ടതു, കരിങ്കൊടി കെട്ടി ഒരു മൂലയില്‍ പാര്‍ക്കു ചെയ്തിരിക്കുന്ന വെള്ള ആംബുലന്‍സിനാരോ തീ വെയ്ക്കുന്നു. തങ്ങളുടെ ടാക്സി തീയില്‍ അമരുന്നതു കണ്ടു ഞെട്ടിനില്‍ക്കുംബോള്‍, അവര്‍ കേട്ടു ബെര്‍ളിന്‍ പോലീസിന്റെ അലര്‍ച്ച, “”ഫയര്‍“”!!!!!

അയ്യോ, ഞെട്ടിയുണര്‍ന്നദ്ദേഹം ഭാര്യയെ നോക്കി. ചിരിച്ചുകൊണ്ടു ഭാര്യ ചോദിച്ചു, “എന്തു പറ്റി, സ്വപ്നം കണ്ടതാണോ?” ഏതായാലും ദേ നമ്മളുടനെ ബെര്‍ളിനില്‍ ലാന്റുചെയ്യാന്‍ പോകുകയാണു. എല്ലാവരും സീറ്റു ബെല്‍റ്റിടാന്‍ പൈലറ്റ് പറഞ്ഞു. ഒരു ചിരിയോടെ , സീറ്റു ബെല്‍റ്റിട്ട്, ആ ഫയല്‍ അദ്ദേഹമെടുത്തു. നമ്മുടെ സുന്ദര കേരളത്തെക്കുറിച്ചുള്ള എല്ലാകാര്യങ്ങളും ഒന്നു കൂടെ റിവ്യൂ ചെയ്യാം...

6 comments:

സ്വപ്നാടകന്‍ said...

നല്ല കലക്കന്‍ പോസ്റ്റ്! നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാര്‍ക്ക് അവരു കാട്ടിക്കൂട്ടുന്ന ദുരിതങ്ങളുടെ ഒരു doze കിട്ടിയിരുന്നെങ്കില്‍!!

തുഞ്ചത്തു മനു said...

പ്രതികരണ ശേഷിയും, ചിന്താശക്തിയും ഇല്ലാഞ്ഞിട്ടാണെന്നു കരുതരുതു സ്വപ്നാടകാ:) ഇങ്ങനത്തെ കോപ്രായങ്ങള്‍ കാട്ടി പ്രതികരിച്ചാല്‍, പ്രതികരിക്കാതെ ഭൂരിപക്ഷം ജനങ്ങളും പട്ടാണിയും കൊറിച്ചു വീട്ടില്‍ ഇരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെന്നു ഒരു രണ്ടാംക്ലാസ്സുകാരന്‍ പോലും വ്യക്തമായി ചിന്തിക്കുന്നതു കൊണ്ടാല്ലേ ഇതൊക്കെ നടന്നുപോകുന്നതു?

സര്‍ക്കാര്‍ ജോലി കിട്ടുന്നതിനു പിറ്റേന്നു അവധിയെടുത്ത് കല്യാണം കഴിക്കണം, അല്ലെങ്കില്‍ ഗെള്‍ഫില്‍ പോകണം..ഈ ജോക്ക് നമ്മള്‍ എത്ര കേട്ടിരിക്കുന്നു:)

t.k. formerly known as തൊമ്മന്‍ said...

ലവന്മാരെ ക്യൂബയില്‍ കൊണ്ടുപോയി രണ്ടുമാസം താമസിപ്പിച്ചാല്‍ മതി. എല്ലാം ശരിയാവും.

തുഞ്ചത്തു മനു said...

ക്യൂബയില്‍ നിന്നും വള്ളത്തില്‍ അമേരിക്കക്കു തുഴയുന്നു, കേരളത്തില്‍ നിന്നും കെ കെ എക്സ്പ്രെസ്സിനു നാടു വിടുന്നു:) രണ്ടും എക്സ്പോര്‍ട്ടു ചെയ്യുന്നതു മനുഷ്യരെയാ തൊമ്മന്‍-ജി:)

അപ്പു said...

ഈ നാട് ശരിയാവുകയില്ല സ്വപ്നാടകാ...
ഹാസ്യരൂപേണ താങ്കള്‍ പറഞ്ഞത് നന്നായി ആസ്വദിച്ചു.

Ambi said...

zപ്രൊഫയിലിലൂടെ കേറിപ്പോന്നതാ..തമ്പിയളിയന്റെ ബ്ലോഗ് ഇതാരുന്നല്ലേ..ഇതുവഴി ആദ്യായിട്ടാ..:)
നല്ല പോസ്റ്റ്..:):)