Saturday, October 27, 2007

ചിലപ്പതികാരം

കേരളപ്പിറവി അടുത്തു വരികയാണ്..
നമുക്ക് ചിലപ്പതികാരത്തെക്കുറിച്ചു സംസാരിക്കാം..എന്താ?

Monday, October 8, 2007

ഹോളീവുഡ് തമ്പി!



ഹോളീവുഡ് തമ്പിയെന്നാണ് ഇവിടെ പറയുന്നതെങ്കിലും ഇതൊരു ബേ ഏരിയക്കാരന്‍ തന്നെ. നമ്മുടെ തമ്പി അളീയനാണെന്ന് തെറ്റിദ്ധരിക്കരുതേ!

മനോരമയില്‍ വന്ന വാര്‍ത്ത താഴെ:
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073752207&articleType=Movies&contentId=3023588&BV_ID=@@@

ascii font -ല്‍ മലയാളം വായിക്കാന്‍ അറപ്പുള്ളവര്‍ക്ക് വാര്‍ത്തയുടെ കുറച്ചുഭാഗം യുണീക്കോഡിലാക്കി കൊടുക്കുന്നു ;-)

അമേരിക്കയിലെ ചിക്കാഗോയില്‍ ബ്ലസിയുടെ 'പളുങ്ക്‌ എന്ന ചിത്രത്തിന്റെ പ്രദര്‍ശനം. പ്രശസ്‌ത ഹോളിവുഡ്‌ സംവിധായകന്‍ സ്റ്റീവ്‌ ആന്‍ഡേഴ്സണും മലയാള നടന്‍ തമ്പി ആന്റണിയും ഒരുമിച്ചാണ്‌ സിനിമ കണ്ടു പുറത്തിറങ്ങിയത്‌. സിനിമയില്‍ മമ്മൂട്ടിയുടെ മോനിച്ചന്‍ ആരാധിക്കുന്ന ഒരു കവിയുണ്ട്‌, തമ്പി ആന്റണി അവതരിപ്പിച്ച കഥാപാത്രം. സിനിമ കണ്ടിറങ്ങിയ സുഹൃത്തുക്കള്‍ പോലും, സ്ക്രീനില്‍ കവിയായി മാറിയ തമ്പിയെ തിരിച്ചറിഞ്ഞില്ല. അപ്പോള്‍ സ്റ്റീവ്‌ ആന്‍ഡേഴ്സണ്‍ പറഞ്ഞു, 'തമ്പി, നിങ്ങള്‍ക്കു കിട്ടിയ വലിയ അംഗീകാരമാണിത്‌. നിങ്ങളിലെ നടന്‍ വിജയിച്ചിരിക്കുന്നു.

ഹോളിവുഡിന്റെ വിശാല തിരശീലയിലേക്കു ഒരു മലയാള നടന്റെ ചരിത്രപ്രവേശത്തിനു നിമിത്തമായ നിമിഷമായിരുന്നു അത്‌. സൗത്ത്‌ സെന്‍ട്രല്‍, ഡെഡ്‌ മെന്‍ കാന്റ്‌ ഡാന്‍സ്‌ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്‌തനായ സ്റ്റീവ്‌ ആന്‍ഡേഴ്സണ്‍, ഒരിടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന 'റൂട്ട്‌ ഒാ‍ഫ്‌ ഒാ‍ള്‍ എവിള്‍സില്‍ തമ്പി ആന്റണിയും താരമാവുകയാണ്‌. പൂര്‍ണ ഹോളിവുഡ്‌ ചിത്രത്തില്‍ അഭിനയിക്കുന്ന ആദ്യ മലയാളി എന്ന റെക്കാര്‍ഡോടെ. ഹോളിവുഡില്‍ നിര്‍മിക്കപ്പെടുന്ന യൂണിയന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതോടെ സ്ക്രീന്‍ ആക്ടേഴ്സ്‌ ഗില്‍ഡിലും തമ്പി അംഗമാകും. ഹോളിവുഡിലെ അംഗീകൃത ആക്ടേഴ്സിന്റെ പട്ടികയില്‍ ആദ്യത്തെ മലയാളിപ്പേര്‌.

ഹോളിവുഡിലെ വന്‍ താരങ്ങളിലൊരാളായ ഷോണ്‍ ബീനാണ്‌ റൂട്ട്‌ ഒാ‍ഫ്‌ ഒാ‍ള്‍ ഇവിളിലെ നായകന്‍. ഫേസ്‌ ലെസ്‌, ഒൌ‍ട്ട്‌ ലോ, ലോര്‍ഡ്‌ ഒാ‍ഫ്‌ ദ്‌ റിങ്ങ്സ്‌ സീരീസ്‌ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച താരം. ബഹദൂര്‍ജിത്‌ ജതീന്ദ്രപ്രീത്‌ സിങ്‌ എന്ന സിഖുകാരന്റെ വേഷമാണ്‌ തമ്പിക്ക്‌. പൈക്ക്‌, മൈക്ക്‌ എന്നീ പേരുകളിലുള്ള രണ്ടു കള്ളന്മാരുടെ കഥയാണ്‌ സിനിമ. മോഷ്ടിച്ചെടുത്ത പണവുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഇവരെ പൊലിസ്‌ പിന്തുടരുന്നു. പിടികൂടുമെന്നായപ്പോള്‍ പണമടങ്ങിയ ബാഗ്‌ അവര്‍ വലിച്ചെറിയുന്നു. മൈക്ക്‌ പൊലിസ്‌ പിടിയിലാവുകയും പൈക്ക്‌ രക്ഷപ്പെടുകയും ചെയ്‌തു. വലിച്ചെറിഞ്ഞ ബാഗ്‌ തിരികെ കണ്ടെത്താനുള്ള പൈക്കിന്റെ അന്വേഷണമാണ്‌ സിനിമ. ഇൌ‍ അന്വേഷണത്തില്‍ ബഹദൂര്‍ സിങ്ങിന്റെ വീട്ടിലും പൈക്ക്‌ എത്തിച്ചേരുന്നു.

ചിക്കാഗോയില്‍ ഇപ്പോള്‍ ഷൂട്ടിങ്‌ നടന്നുകൊണ്ടിരിക്കുന്ന ചിത്രത്തില്‍ തമ്പി ആന്റണിക്ക്‌ ഏതാനു സീനുകള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്‌. മലയാളത്തില്‍ നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന ബ്ലസിയുടെ 'കല്‍ക്കത്താ ന്യൂസിനു വേണ്ടി നാട്ടിലെത്തിയ തമ്പി ഉടന്‍ ഹോളിവുഡിലേക്കു മടങ്ങും.

ഷോണ്‍ ബീനിനു പുറമെ ഹോളിവുഡിലും ടെലിവിഷനിലും പോപ്പുലറായ ക്രിസ്‌ ഹെന്‍സ്‌ വര്‍ത്ത്‌, വിക്ടോറിയ പ്രൊഫെറ്റ, ജോഷ്‌ ബ്ലൂ, മൈക്കല്‍ മാസഫ്‌ തുടങ്ങിയവരാണ്‌ 'റൂട്ടി ല്‍ അഭിനയിക്കുന്നത്‌. ഹോളിവുഡില്‍ നിര്‍മാണ രംഗത്തുള്ള മലയാളി നവിന്‍ ചാത്തപ്പുറവും ചിത്രവുമായി സഹകരിക്കുന്നു.

രാജീവ്‌ അഞ്ചലിന്റെ 'ബിയോണ്ട്‌ ദ്‌ സോള്‍ എന്ന സിനിമയാണ്‌ തമ്പി ആന്റണിയെ അമേരിക്കയില്‍ ശ്രദ്ധയില്‍ കൊണ്ടു വരുന്നത്‌. പ്രശസ്‌തമായ ഹോണലുലു ചലച്ചിത്രമേളയില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതു വഴിത്തിരിവായി. ബിയോണ്ട്‌ ദ്‌ സോള്‍ കണ്ടാണ്‌ സ്റ്റീവ്‌ പുതിയ ചിത്രത്തില്‍ തമ്പിയെ കാസ്റ്റ്‌ ചെയ്യാന്‍ തീരുമാനിക്കുന്നതും. പളുങ്കും കാണണമെന്ന്‌ തമ്പിയോട്‌ സ്റ്റീവ്‌ തന്നെ ആവശ്യപ്പെടുകയായിരുന്നു.

ജയരാജ്‌ സംവിധാനം ചെയ്‌ത 'അറേബ്യയില്‍ സഹോദരന്‍ ബാബു ആന്റണിയുടെ അച്ഛന്റെ റോളിലാണ്‌ തമ്പി ആദ്യം പ്രത്യക്ഷപ്പെടുന്നത്‌. ബാബുവിന്റെ സഹോദരന്‍ എന്ന നിലയില്‍ തമ്പി എന്നു വിളിച്ചതു ജയരാജ്‌. അങ്ങനെ തമ്പി ആന്റണി എന്ന പേരു വീണു. ഹോളിവുഡില്‍ ആന്റണി തെക്കേത്ത്‌ എന്ന ശരിക്കുള്ള പേരില്‍ തന്നെയാണ്‌ രംഗപ്രവേശം.

കോതമംഗലം എന്‍ജിനീയറിങ്‌ കോളജില്‍ നിന്നു പുറത്തിറങ്ങി പൊതുമരാമത്തു വകുപ്പില്‍ എന്‍ജിനീയറായി ജോലി നോക്കുമ്പോഴാണ്‌ 1984 ല്‍ തമ്പി അമേരിക്കയിലേക്കു പോകുന്നത്‌. വിവാഹത്തെത്തുടര്‍ന്നായിരുന്നു ഇത്‌. നാടകവും കവിതയും സിനിമയും തന്നെയായിരുന്നു അപ്പോഴും മനസില്‍. ആ ഇഷ്ടങ്ങളാണ്‌ എഴുത്തിലേക്കും നാടകാവതരണത്തിലേക്കുമെത്തിച്ചത്‌. 'ഇടിച്ചക്കപ്ലാമൂട്‌ പൊലീസ്‌ സ്റ്റേഷന്‍ എന്ന പേരില്‍ ഹാസ്യനാടകം രചിച്ച്‌ അമേരിക്കയിലെ ഒട്ടേറെ വേദികളില്‍ അവതരിപ്പിച്ചു. ഇതിലെ മുഖ്യവേഷവും തമ്പിയാണ്‌ ചെയ്‌തത്‌. ഡോ. ദൈവ സഹായം, എന്റെ മേരിക്കുട്ടീ ഇത്‌ അമേരിക്കയാ എന്നീ രണ്ടു നാടകങ്ങളും കൂടി ചേര്‍ത്ത്‌ ഉടന്‍ പുസ്കരൂപത്തില്‍ പ്രസിദ്ധീകരിക്കും.

അറേബ്യയ്ക്കു ശേഷം മലയാളത്തില്‍ മെയ്ഡ്‌ ഇന്‍ യുഎസ്‌എ, പളുങ്ക്‌ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. രാജീവ്‌ അഞ്ചലിന്റെ ഇംഗീഷ്‌ ചിത്രങ്ങളിലും. നല്ല സിനിമയോടുള്ള ഇഷ്ടവും ബ്ലസിയിലുള്ള വിശ്വാസവുമാണ്‌ 'കല്‍ക്കത്താ ന്യൂസി നു കാരണമായത്‌. നിര്‍മാണത്തിനു പുറമെ പ്രധാനപ്പെട്ട ഒരു റോളില്‍ അഭിനയിക്കുന്നുമുണ്ട്‌ തമ്പി. മനശാസ്‌ത്രജ്ന്റെ വേഷം.

ഭാര്യ പ്രേമയോടും മലയാളം മണക്കുന്ന പേരുള്ള മക്കള്‍ നദി, കായല്‍, സന്ധ്യ എന്നിവരോടുമൊപ്പം അമേരിക്കയിലാണ്‌ തമ്പി സ്ഥിര താമസം. ഇടയ്ക്കിടെ നാട്ടില്‍ വന്നു പോകുന്നു. അമേരിക്കന്‍ ജീവിതത്തിന്റെ 23 വര്‍ഷങ്ങള്‍ക്കിപ്പുറം, കോട്ടയം പൊന്‍കുന്നം തെക്കേത്തു വീട്ടിലെ ആന്റണി, ഹോളിവുഡിന്റെ വെള്ളിത്തിരയിലും ഇനി താരമാവുകയാണ്‌.

Saturday, October 6, 2007

ശ്യാമപ്രസാദിന്റെ ഒരേ കടല്‍

ബംഗാളി സാഹിത്യകാരന്‍ സുനില്‍ ഗംഗോപാധ്യായയുടെ “ഹീരക് ദീപ്തി“ എന്ന നോവലിനെ ആസ്പദമാക്കി ശ്യാമപ്രസാദെടുത്ത ഒരേ കടലിനെക്കുറിച്ച് നല്ല അഭിപ്രായങ്ങളാണു കേള്‍ക്കുന്നത്. തന്റെ മനസ്സിനെ ചങ്ങലക്കിടാന്‍ വിസമ്മതിക്കുന്ന, സ്നേഹബന്ധങ്ങളെ സാധാരണക്കാരില്‍ നിന്നും വ്യത്യസ്തമായി കാണുന്ന ഡോ:നാഥന്‍ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മമ്മൂക്കയും, ഏതു കഥാപാത്രത്തെയും അനായാസമായി വിജയിപ്പിച്ചെടുക്കുന്ന അസാധാരണമായ അഭിനയപാടവത്തിന്റെ ഉടമയായ മീരയും, പിന്നെ ഗിരിഷ് പുത്തഞ്ജേരിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്റെ സംഗീതവും! അഗ്നിസാക്ഷി, അകലെ എന്ന ശക്തമായ സിനിമകളെടുത്ത ശ്യാമപ്രസാദ് മലയാളം സിനിമയില്‍ തിരിച്ചുവരുന്നതില്‍ സന്തോഷം!

റോണ്‍ ഹവാര്‍ഡ് സംവിധാനം ചെയ്ത "A Beautiful Mind" എന്ന 2001-ലെ ഹോളിവുഡ് സിനിമപോലെ ഒരു മലയാളം സിനിമ ഒന്നു രണ്ടു വര്‍ഷം മുന്‍പ് കണ്ടതില്‍ പിന്നെ ഒരു നല്ല മലയാളം സിനിമ വന്നതായി ഓര്‍ക്കുന്നില്ല. "Beautiful Mind"-ന്റെ പാശ്ചാത്തലം, ജോണ്‍ ഫോര്‍ബെസ് നാഷ് എന്ന ഗണിതശാസ്ത്രജ്ഞനു “സ്കിറ്റ്സോഫ്രീനിയ“ എന്ന മാനസികരോഗം വരുന്നതും, അത് അദ്ദേഹത്തിന്റെ ഭാര്യയും സുഹൃത്തുക്കളുമടങ്ങുന്ന സ്നേഹബന്ധങ്ങളില്‍ വരുത്തുന്ന വേദനകളും!

ഏതായാലും നേം സേക് പോലെയായിരിക്കണം ഒരേ കടലും!
കഥ പറയരുത്!:)അഭിപ്രായങ്ങള്‍ക്ക് സ്വാഗതം!

Sunday, September 16, 2007

ബേ ഏരിയയിലെ ഓണാഘോഷങ്ങള്‍

ഇന്നലത്തെ മൈത്രിയുടെ ഓണാഘോഷത്തോടെ ബേ ഏരിയയില്‍ എന്റെ അറിവില്‍ ഓണാഘോഷങ്ങള്‍ക്ക് കൊടിയിറങ്ങി. ഞാന്‍ നേരത്തെ പോസ്റ്റ് ചെയ്തിരുന്നതുപോലെ കഴിഞ്ഞ ആഴ്ചത്തെ മോഹന്‍ലാല്‍ ഷോ ഇത്തവണത്തെ ആഘോഷങ്ങള്‍ക്ക് പതിവില്ലാത്തൊരു കൊഴുപ്പുകൊടുത്തു.

ബേ ഏരിയയില്‍ “മൈത്രി” യുടെയും “മങ്ക”യുടെയും ആഘോഷങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ടവയും പൊതുജനങ്ങള്‍ക്ക് ഒരളവുവരെ പങ്കെടുക്കാന്‍ പറ്റുന്നതും. ഓണസദ്യക്ക് “മങ്ക” cater ചെയ്ത ഭക്ഷണം (non-Malayalee) അമേരിക്കക്കാര്‍ വിളമ്പും; “മൈത്രി”യില്‍ അതിന്നുപകരം എല്ലാവരും ചേര്‍ന്ന് വിളമ്പുന്ന potluck ആയിരിക്കും. എന്റെ അഭിപ്രായത്തില്‍ ഈ രണ്ട് കൂട്ടായ്മകള്‍ തമ്മിലുള്ള വ്യത്യാ‍സവും അതുതന്നെയാണ്. ആദ്യത്തേതില്‍ പൈസ കൊടുത്ത് ഒരു ഷോ കാണാന്‍ പോയതു പോലെ; മറ്റേതില്‍ ഒരു extended family യൊത്ത് ഊണുകഴിച്ചതുപോലെ. രണ്ടു രീതികള്‍ക്കും അതിന്റെ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്.

കലാപരിപാടികള്‍ പൊതുവെ നിലവാരം കൂടുതല്‍ “മങ്ക”യിലായിരുന്നു ഇതുവരെ. പക്ഷേ, ഇത്തവണ ജനറല്‍ബോഡി മീറ്റിംഗൊക്കെ വച്ച് ജനങ്ങളെ ബോറടിപ്പിച്ചു കളഞ്ഞു. ഫോണ്‍, ഇ-മെയില്‍, ഇന്റര്‍നെറ്റ് തുടങ്ങിയ കണ്ടുപിടുത്തങ്ങളൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തിലെ രീതികള്‍ ഉപയോഗിച്ചാണ് “മങ്ക”യില്‍ കാര്യങ്ങള്‍ നടത്തുന്നത്. ആധുനിക വാര്‍ത്താവിനിമയ സാങ്കേതികവിദ്യകളുടെ ഈറ്റില്ലമായ സിലിക്കണ്‍ വാലിയെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന “മങ്ക” ലോകമെമ്പാടുമുള്ള മലയാളി കൂട്ടായ്മകള്‍ക്ക് ഈ രംഗത്ത് മാതൃകയാവേണ്ടതായിരുന്നു.

മൈത്രിയിലെ സദ്യയും കലാപരിപാടികളും ഇത്തവണ വളരെ നന്നായി; അതിന്റെ സംഘാടകര്‍ പ്രശംസയര്‍ഹിക്കുന്നു.

East Bay യില്‍ BAMA എന്നൊരു കൂട്ടായ്മ ഓണാഘോഷങ്ങള്‍ കുറച്ചുവര്‍ഷങ്ങളായി നടത്തിവരുന്നു. ചെറിയ വൃത്തങ്ങളിലെ ആഘോഷങ്ങള്‍ക്കേ intimacy ഉണ്ടാകൂ എന്ന ചിന്തയില്‍ നിന്നാണെന്ന് തോന്നുന്നു ഇത്തരം പരിശ്രമങ്ങള്‍ക്ക് പ്രചോദനം കിട്ടുന്നത്. അതൊരളവുവരെ ശരിയുമാണ്. ഒന്നിലധികം ആഘോഷങ്ങളുടെ ഏറ്റവും വലിയ ഗുണമായി ഞാന്‍ കാണുന്നത് കൂടുതല്‍ ആള്‍ക്കാര്‍ക്ക്, പ്രെത്യേകിച്ച് കുട്ടികള്‍ക്ക്, പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടൂമെന്നതാണ്.

വര്‍ഷത്തിലൊരിക്കലെങ്കിലും ഈ സംഘടനകളെല്ലാം ചേര്‍ന്ന് ഒരു talent show പോലൊന്ന് നടത്തിയാല്‍ അത് ബേ ഏരിയ മലയാളിസമൂഹം കൈവരിക്കുന്ന വലിയൊരു മുന്നേറ്റമായിരിക്കും. കേരളപ്പിറവിപോലെ ഒറ്റതിരിഞ്ഞ് ആഘോഷങ്ങള്‍ നടത്താന്‍ സാധ്യതയില്ലാത്ത ഒരു സന്ദര്‍ഭമായിരിക്കും അതിന്ന് ഏറ്റവും അനുയോജ്യം.

Monday, September 10, 2007

മലയാളി പാരകള്‍‌ : അഥവാ മലയാളിയുടെ അടുത്ത ഇ-മെയില്‍ forward ചെയ്യൂന്നതിന്ന് മുമ്പ്

കഴിഞ്ഞ ശനിയാഴ്ച കൂപ്പര്‍ട്ടീനോ ഡി ആന്‍സാ കോളജിലെ ഫ്ലിന്റ് സെന്ററില്‍ നടന്ന മോഹന്‍ലാല്‍ ഷോ കണ്ട ആരും പറയില്ല ആ പരിപാടി താഴെ കൊടുക്കുന്ന ലിങ്കില്‍ പറയുന്ന പുലഭ്യങ്ങള്‍ക്ക് ഇരയാവേണ്ടതാണെന്ന്:
http://www.khiladiz.com/news/mohanlal_show_2007.html. ഇത്തരം feedback കണ്ട് ഒരാഴ്ചകൊണ്ട് നേരെയാക്കി എടുത്തതാണെന്നും തോന്നുന്നില്ല. സിനിമാതാരങ്ങള്‍ അമച്വര്‍ ഷോകള്‍ ചെയ്യുന്നതു കാണാനുള്ള നിര്‍ഭാഗ്യം ഈയുള്ളവനുണ്ടായിട്ടുണ്ട്. പക്ഷേ, ഇതൊരു പ്രൊഫഷണല്‍ ഷോ തന്നെ ആയിരുന്നു.

മലയാളി മനസ്സ് എന്ന പത്രത്തില്‍ വന്നയെന്ന വ്യാജേന ഒരു ന്യൂസ് പേപ്പര്‍ കട്ടിംഗും വെബ്ബില്‍ കിടന്ന് തിരിയുന്നുണ്ടായിരുന്നു. അതും വെറും വ്യാജനിര്‍മ്മിതിയാണത്രെ.

മോഹന്‍ലാല്‍ ഷോ ഗംഭീരമായിരുന്നു. പ്രധാനതാരത്തെക്കൂടാതെ മുകേഷ്, ജഗദീഷ്,വിനീത് എന്നീ മലയാളസിനിമയിലെ അതികായന്മാര്‍. പ്രകടനം ഒരു അളവുകോലാണെങ്കില്‍ ഭാവിയിലെ മലയാളം കോമഡി നിയന്ത്രിക്കാന്‍ പോകുന്ന സുരാജ് വെഞ്ഞാറമൂട്. മികച്ച ശബ്ദത്തിന്റെയും സ്റ്റേജ് പ്രകടനത്തിന്റെയും ഉടമകളായ സുരേഷ്ബാബുവും റിമി ടോമിയും. പിന്നെ മേമ്പൊടിക്ക് ലക്ഷ്മി ഗോപാലസ്വാമിയും ശ്വേത മേനോനും.

ഏതാണ്ട് മൂന്നരമണിക്കൂര്‍ നീണ്ട ഷോയുടെ പകുതിയായപ്പോള്‍ തന്നെ മുടക്കിയ പൈസ മുതലായതുപോലെ തോന്നി. ഈ ഷോ ബേ ഏരിയയിലേക്കു കൊണ്ടുവന്ന star movies - ന്റെ മേരിദാസനും ബിജുവും വിന്‍സന്റ് ബോസ് മാത്യുവും ഒക്കെ വളരെ പ്രശംസ അര്‍ഹിക്കുന്നു.

അടുത്ത തവണ ഇത്തരം ഇ-മെയിലുകള്‍ കാണുമ്പോള്‍ അത് forward ചെയ്യുന്നതിന് മുമ്പ് പരിപാടി നടന്ന സ്ഥലത്തെ നമ്മുടെ പരിചയക്കാരെ വിളിച്ച് സംഭവത്തിന്റെ നിജസ്ഥിതി അറിയുക. പാരപണി നമ്മുടെ ഒരു ജന്മവാസനയാണ്; അത് തൂത്താലും തുടച്ചാലും (ഇന്റര്‍നെറ്റിലേക്ക് upgrade ചെയ്താലും) മാറില്ല.

ഒരു പ്രശ്നം മാത്രം: ഡിറക്ടറുടെ സ്ഥാനത്ത് ജോഷിയുടെ പേരു കണ്ടിരുന്നു. പക്ഷേ, അദ്ദേഹത്തെയൊ, അദ്ദേഹത്തിന്റെ പേരൊ ഷോയില്‍ കണ്ടില്ല. ഞാന്‍ അദ്ദേഹത്തെക്കൂടി കാണാനാണ് പോയത്.

Sunday, May 27, 2007

വിനോദയാത്ര



സിലിക്കണ്‍ വാലി പോസ്റ്റില്‍ കൂടുതല്‍ പോസ്റ്റുകള്‍ ഉണ്ടാ‍വാനും ഇത് കൂടുതല്‍ ആള്‍ക്കാര്‍ വായിക്കാനും വേണ്ടി ബേ ഏരിയയില്‍ വരുന്ന മലയാളപ്പടങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുവാന്‍ തുടങ്ങിയാലോ എന്നൊരു ആശയം. ഈയാഴ്ച ഇവിടെ കളിക്കുന്ന “വിനോദയാത്ര” തന്നെ തുടക്കമാകട്ടെ.

വെള്ളിയാഴ്ച ഞാന്‍ ഈ പടം കണ്ടു. സെക്കന്റ്ഷോക്ക് തിരക്കിട്ടു പോകുമ്പോള്‍ തമ്പിയളിയന്‍ ഫസ്റ്റ്ഷോ കഴിഞ്ഞ് സന്തോഷിച്ച് തിരിച്ചുവരുന്നതു കണ്ടു. അതുകൊണ്ട് അദ്ദേഹത്തിനും കാണുമായിരിക്കും നല്ല അഭിപ്രായങ്ങള്‍. ശിക്കാറിശംഭുവിനെയും കണ്ടു: കണ്ണൂം തിരുമി സെക്കന്റ്ഷോ കാണാന്‍ നില്‍ക്കുന്നത്.

ഞാന്‍ സിനിമയെ വിമര്‍ശിക്കാനൊന്നും മിനക്കെടുന്നില്ല. പടം കണ്ടിരിക്കാന്‍ നല്ലതാണ്. സത്യന്‍ അന്തിക്കാടിന്റെ പതിവ് സ്റ്റൈലില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് കഥ പറയുന്ന രീതി. ഒരു ബ്ലസ്സി സ്വാധീനം ഇതിന്നുണ്ടോ എന്ന് എനിക്കും എന്റെ നല്ല പകുതിക്കും പടം കണ്ടു കഴിഞ്ഞപ്പോള്‍ ഒരാശങ്ക. (ആശങ്ക മതിയല്ലോ വൃത്തങ്ങള്‍ പോലും മാറാന്‍ :-) )

മറ്റുള്ളവരുടെ അഭിപ്രായങ്ങളും ക്ഷണിക്കുന്നു.

ഏറ്റവും നല്ല ശത്രു!

വിജനമായ റോഡില്‍ വച്ചാണ് ചെറുപ്പക്കാരന്‍ തന്റെ ശത്രുവിനെ കണ്ടത്
പിന്നെ താമസിച്ചില്ല.
ചെറുപ്പക്കാരന്‍ അരയില്‍ നിന്ന് കഠാര വലിച്ചൂരി ശത്രുവിനു നേരെ ഉയര്‍ത്തി.
അപ്പോഴേക്കും മനസ്സില്‍ തിക്കിത്തിരക്കി വന്ന കാരുണ്യം, സ്നേഹം, ഭയം എന്നിവയൊക്കെ ചേര്‍ന്ന് അയാളെ തടഞ്ഞു.
ശത്രു മടിച്ചു നിന്നില്ല.
കഠാര പിടിച്ചു വാങ്ങി ചെറുപ്പക്കാരന്റെ നെഞ്ചില്‍ കുത്തിയിറക്കി.
അയാളുടെ ഒടുക്കത്തെ പിടച്ചില്‍ പോലും കാണാന്‍ നില്‍ക്കാതെ ശത്രു തിരിഞ്ഞോടി.

======================================================
പുഴ മാഗസിനില്‍, എം എസ് ജലീല്‍ എഴുതിയത്!