Sunday, September 16, 2007

ബേ ഏരിയയിലെ ഓണാഘോഷങ്ങള്‍

ഇന്നലത്തെ മൈത്രിയുടെ ഓണാഘോഷത്തോടെ ബേ ഏരിയയില്‍ എന്റെ അറിവില്‍ ഓണാഘോഷങ്ങള്‍ക്ക് കൊടിയിറങ്ങി. ഞാന്‍ നേരത്തെ പോസ്റ്റ് ചെയ്തിരുന്നതുപോലെ കഴിഞ്ഞ ആഴ്ചത്തെ മോഹന്‍ലാല്‍ ഷോ ഇത്തവണത്തെ ആഘോഷങ്ങള്‍ക്ക് പതിവില്ലാത്തൊരു കൊഴുപ്പുകൊടുത്തു.

ബേ ഏരിയയില്‍ “മൈത്രി” യുടെയും “മങ്ക”യുടെയും ആഘോഷങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ടവയും പൊതുജനങ്ങള്‍ക്ക് ഒരളവുവരെ പങ്കെടുക്കാന്‍ പറ്റുന്നതും. ഓണസദ്യക്ക് “മങ്ക” cater ചെയ്ത ഭക്ഷണം (non-Malayalee) അമേരിക്കക്കാര്‍ വിളമ്പും; “മൈത്രി”യില്‍ അതിന്നുപകരം എല്ലാവരും ചേര്‍ന്ന് വിളമ്പുന്ന potluck ആയിരിക്കും. എന്റെ അഭിപ്രായത്തില്‍ ഈ രണ്ട് കൂട്ടായ്മകള്‍ തമ്മിലുള്ള വ്യത്യാ‍സവും അതുതന്നെയാണ്. ആദ്യത്തേതില്‍ പൈസ കൊടുത്ത് ഒരു ഷോ കാണാന്‍ പോയതു പോലെ; മറ്റേതില്‍ ഒരു extended family യൊത്ത് ഊണുകഴിച്ചതുപോലെ. രണ്ടു രീതികള്‍ക്കും അതിന്റെ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്.

കലാപരിപാടികള്‍ പൊതുവെ നിലവാരം കൂടുതല്‍ “മങ്ക”യിലായിരുന്നു ഇതുവരെ. പക്ഷേ, ഇത്തവണ ജനറല്‍ബോഡി മീറ്റിംഗൊക്കെ വച്ച് ജനങ്ങളെ ബോറടിപ്പിച്ചു കളഞ്ഞു. ഫോണ്‍, ഇ-മെയില്‍, ഇന്റര്‍നെറ്റ് തുടങ്ങിയ കണ്ടുപിടുത്തങ്ങളൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തിലെ രീതികള്‍ ഉപയോഗിച്ചാണ് “മങ്ക”യില്‍ കാര്യങ്ങള്‍ നടത്തുന്നത്. ആധുനിക വാര്‍ത്താവിനിമയ സാങ്കേതികവിദ്യകളുടെ ഈറ്റില്ലമായ സിലിക്കണ്‍ വാലിയെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന “മങ്ക” ലോകമെമ്പാടുമുള്ള മലയാളി കൂട്ടായ്മകള്‍ക്ക് ഈ രംഗത്ത് മാതൃകയാവേണ്ടതായിരുന്നു.

മൈത്രിയിലെ സദ്യയും കലാപരിപാടികളും ഇത്തവണ വളരെ നന്നായി; അതിന്റെ സംഘാടകര്‍ പ്രശംസയര്‍ഹിക്കുന്നു.

East Bay യില്‍ BAMA എന്നൊരു കൂട്ടായ്മ ഓണാഘോഷങ്ങള്‍ കുറച്ചുവര്‍ഷങ്ങളായി നടത്തിവരുന്നു. ചെറിയ വൃത്തങ്ങളിലെ ആഘോഷങ്ങള്‍ക്കേ intimacy ഉണ്ടാകൂ എന്ന ചിന്തയില്‍ നിന്നാണെന്ന് തോന്നുന്നു ഇത്തരം പരിശ്രമങ്ങള്‍ക്ക് പ്രചോദനം കിട്ടുന്നത്. അതൊരളവുവരെ ശരിയുമാണ്. ഒന്നിലധികം ആഘോഷങ്ങളുടെ ഏറ്റവും വലിയ ഗുണമായി ഞാന്‍ കാണുന്നത് കൂടുതല്‍ ആള്‍ക്കാര്‍ക്ക്, പ്രെത്യേകിച്ച് കുട്ടികള്‍ക്ക്, പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടൂമെന്നതാണ്.

വര്‍ഷത്തിലൊരിക്കലെങ്കിലും ഈ സംഘടനകളെല്ലാം ചേര്‍ന്ന് ഒരു talent show പോലൊന്ന് നടത്തിയാല്‍ അത് ബേ ഏരിയ മലയാളിസമൂഹം കൈവരിക്കുന്ന വലിയൊരു മുന്നേറ്റമായിരിക്കും. കേരളപ്പിറവിപോലെ ഒറ്റതിരിഞ്ഞ് ആഘോഷങ്ങള്‍ നടത്താന്‍ സാധ്യതയില്ലാത്ത ഒരു സന്ദര്‍ഭമായിരിക്കും അതിന്ന് ഏറ്റവും അനുയോജ്യം.

Monday, September 10, 2007

മലയാളി പാരകള്‍‌ : അഥവാ മലയാളിയുടെ അടുത്ത ഇ-മെയില്‍ forward ചെയ്യൂന്നതിന്ന് മുമ്പ്

കഴിഞ്ഞ ശനിയാഴ്ച കൂപ്പര്‍ട്ടീനോ ഡി ആന്‍സാ കോളജിലെ ഫ്ലിന്റ് സെന്ററില്‍ നടന്ന മോഹന്‍ലാല്‍ ഷോ കണ്ട ആരും പറയില്ല ആ പരിപാടി താഴെ കൊടുക്കുന്ന ലിങ്കില്‍ പറയുന്ന പുലഭ്യങ്ങള്‍ക്ക് ഇരയാവേണ്ടതാണെന്ന്:
http://www.khiladiz.com/news/mohanlal_show_2007.html. ഇത്തരം feedback കണ്ട് ഒരാഴ്ചകൊണ്ട് നേരെയാക്കി എടുത്തതാണെന്നും തോന്നുന്നില്ല. സിനിമാതാരങ്ങള്‍ അമച്വര്‍ ഷോകള്‍ ചെയ്യുന്നതു കാണാനുള്ള നിര്‍ഭാഗ്യം ഈയുള്ളവനുണ്ടായിട്ടുണ്ട്. പക്ഷേ, ഇതൊരു പ്രൊഫഷണല്‍ ഷോ തന്നെ ആയിരുന്നു.

മലയാളി മനസ്സ് എന്ന പത്രത്തില്‍ വന്നയെന്ന വ്യാജേന ഒരു ന്യൂസ് പേപ്പര്‍ കട്ടിംഗും വെബ്ബില്‍ കിടന്ന് തിരിയുന്നുണ്ടായിരുന്നു. അതും വെറും വ്യാജനിര്‍മ്മിതിയാണത്രെ.

മോഹന്‍ലാല്‍ ഷോ ഗംഭീരമായിരുന്നു. പ്രധാനതാരത്തെക്കൂടാതെ മുകേഷ്, ജഗദീഷ്,വിനീത് എന്നീ മലയാളസിനിമയിലെ അതികായന്മാര്‍. പ്രകടനം ഒരു അളവുകോലാണെങ്കില്‍ ഭാവിയിലെ മലയാളം കോമഡി നിയന്ത്രിക്കാന്‍ പോകുന്ന സുരാജ് വെഞ്ഞാറമൂട്. മികച്ച ശബ്ദത്തിന്റെയും സ്റ്റേജ് പ്രകടനത്തിന്റെയും ഉടമകളായ സുരേഷ്ബാബുവും റിമി ടോമിയും. പിന്നെ മേമ്പൊടിക്ക് ലക്ഷ്മി ഗോപാലസ്വാമിയും ശ്വേത മേനോനും.

ഏതാണ്ട് മൂന്നരമണിക്കൂര്‍ നീണ്ട ഷോയുടെ പകുതിയായപ്പോള്‍ തന്നെ മുടക്കിയ പൈസ മുതലായതുപോലെ തോന്നി. ഈ ഷോ ബേ ഏരിയയിലേക്കു കൊണ്ടുവന്ന star movies - ന്റെ മേരിദാസനും ബിജുവും വിന്‍സന്റ് ബോസ് മാത്യുവും ഒക്കെ വളരെ പ്രശംസ അര്‍ഹിക്കുന്നു.

അടുത്ത തവണ ഇത്തരം ഇ-മെയിലുകള്‍ കാണുമ്പോള്‍ അത് forward ചെയ്യുന്നതിന് മുമ്പ് പരിപാടി നടന്ന സ്ഥലത്തെ നമ്മുടെ പരിചയക്കാരെ വിളിച്ച് സംഭവത്തിന്റെ നിജസ്ഥിതി അറിയുക. പാരപണി നമ്മുടെ ഒരു ജന്മവാസനയാണ്; അത് തൂത്താലും തുടച്ചാലും (ഇന്റര്‍നെറ്റിലേക്ക് upgrade ചെയ്താലും) മാറില്ല.

ഒരു പ്രശ്നം മാത്രം: ഡിറക്ടറുടെ സ്ഥാനത്ത് ജോഷിയുടെ പേരു കണ്ടിരുന്നു. പക്ഷേ, അദ്ദേഹത്തെയൊ, അദ്ദേഹത്തിന്റെ പേരൊ ഷോയില്‍ കണ്ടില്ല. ഞാന്‍ അദ്ദേഹത്തെക്കൂടി കാണാനാണ് പോയത്.